International Day for Biological Diversity 2025

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ, പതിനേഴാമത് സംസ്ഥാന വിദ്യാർത്ഥി ജൈവവൈവിധ്യ കോൺഗ്രസ്സും പുരസ്കാര വിതരണവും അന്താരാഷ്‌ട്ര ജൈവവൈവിധ്യദിനമായ മേയ് 22-ന് ‘പ്രകൃതിയുമായുള്ള സൗഹൃദവും, സുസ്ഥിര വികസനവും’ എന്ന വിഷയത്തിലൂന്നിക്കൊണ്ട് തിരുവനന്തപുരത്ത് നടന്നു. ജൈവവൈവിധ്യ കോൺഗ്രസ്സിൽ ജില്ലാതല മത്സര വിജയികളായ കുട്ടികളുടെ പ്രോജക്റ്റ്‌ അവതരണങ്ങൾ തൈക്കാട് കിറ്റ്സ് ക്യാമ്പസിലും പുരസ്കാരവിതരണങ്ങൾ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലുമാണ് നടന്നത്. ജൂനിയർ-സീനിയർ വിഭാഗങ്ങളിലെ പുരയിട ജൈവവൈവിധ്യ അവതരണങ്ങൾ, ജൂനിയർ-സീനിയർ- കോളേജ് തലങ്ങളിലെ പ്രോജക്ട് പ്രസന്റേഷനുകൾ എന്നീ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
അന്താരാഷ്‌ട്ര ജൈവവൈവിധ്യ ദിനാചരണവുമായി ബന്ധപ്പെട്ട് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ‘ജൈവവൈവിധ്യ റെഡ് ഡാറ്റാ ബുക്കിന്റെ സംസ്ഥാനതല നയരൂപീകരണ ശിൽപ്പശാല’ വനം വകുപ്പ് മേധാവി ശ്രീ. രാജേഷ് രവീന്ദ്രൻ ഐ. എഫ്. എസ് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാനും ബോർഡ് അംഗവുമായ ഡോ. ആർ. വി. വർമ്മ, കേരള വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐഎഫ്എസ് എന്നിവർ മുഖ്യാതിഥികളായ ചടങ്ങിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി.എസ്സ്. വിമൽ കുമാർ നന്ദി പറഞ്ഞു.
സമാപന സമ്മേളനം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ. എ. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് പുരസ്കാരവിതരണം നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് പത്മശ്രീ എം. സി. ദത്തൻ മുഖ്യാതിഥിയായിരുന്നു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, ജൈവവൈവിധ്യ ബോര്‍ഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ, ബോർഡ് മുൻ ചെയർമാൻ ഉമ്മൻ വി ഉമ്മൻ, ബോർഡ് അംഗമായ ഡോ. മിനി മോൾ ജെ. എസ്. എന്നിവർ പങ്കെടുത്ത ചടങ്ങിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സയന്റിഫിക് ഓഫീസർ ഡോ. വി. ഉണ്ണിക്കൃഷ്ണൻ നന്ദി രേഖപ്പെടുത്തി.
പ്രാദേശിക ജൈവവൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ജില്ലാതല ശില്പശാലകൾ, ജൈവവൈവിധ്യ ബോർഡിൻറെ 1200 ബിഎംസി കളിലും ജൈവവൈവിധ്യ അവലോകന ശില്പശാലകൾ എന്നിവയും അന്തർദേശീയ ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി നടന്നു. തദ്ദേശസ്ഥാപനങ്ങൾ വഴി ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) ഡോ. ദിനേശൻ ചെറുവാട്ട് ഐഎഎസ്, പറഞ്ഞു. ജൈവവൈവിധ്യ മാനേജ്മെൻറ് കമ്മിറ്റികളുടെ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ദിശാബോധം നൽകുന്നതിനും അവലോകന ശില്പശാലകൾ ഉപകരിക്കുമെന്ന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ പറഞ്ഞു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, ഗവേഷകർ, ബിഎംസി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ മേഖലയിലുള്ളവർ ഈ പരിപാടിയിൽ പങ്കെടുത്തു.