“ഡോ. എം.എസ്. സ്വാമിനാഥൻ ഇന്ത്യൻ ഭക്ഷ്യ സുരക്ഷയുടെ ശില്പി“-
ഡോ. നടേശ പണിക്കർ അനിൽകുമാർ
ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻറെ പിതാവായ ഡോ. എം. എസ്. സ്വാമിനാഥന്റെ ഒന്നാം ചരമ വാർഷിക ദിനമായ സെപ്റ്റംബര്‍ 28- ന് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിൻറെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ചെയർമാൻ ഡോ. നടേശ പണിക്കർ അനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയ്ക്കും ലോകത്തിനും ഭക്ഷ്യസുരക്ഷക്ക് വേണ്ടി അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണെന്നും അദ്ദേഹത്തിൻറെ ജീവിതലക്‌ഷ്യം തന്നെ ഇന്ത്യയെ സുസ്ഥിരവികസനത്തിലേക്ക് നയിക്കുക എന്നതായിരുന്നു എന്നും അദ്ദേഹം നമ്മുടെ ഭക്ഷ്യസുരക്ഷയുടെ ശില്പി ആണെന്നും ഡോ. എൻ. അനിൽകുമാർ പറഞ്ഞു. ഹരിത വിപ്ലവത്തില്‍ നിന്ന് നിത്യഹരിത വിപ്ലവം (Green revolution to Evergreen revolution) എന്ന ഡോ. എം.എസ്. സ്വാമിനാഥന്റെ ആശയം നടപ്പാക്കുന്നതില്‍ നമ്മുടെ പങ്ക് വലുതാണെന്നും 2047 ല്‍ ഭാരതത്തെ സുസ്ഥിര വികസിത ഭാരതമാക്കി മാറ്റുന്നതിന് നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറയുകയുണ്ടായി. സമ്പത്ത് വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ (Bio E3) ഇവ ഉറപ്പാക്കുന്നതിന് പരസ്പരപൂരിതമായ ജൈവവൈവിധ്യ സംരക്ഷണത്തിനും കൃഷിക്കും ഉപഭോഗത്തിനും വാണിജ്യവൽക്കരണത്തിനും (Bio C4) അതിയായ പ്രാധാന്യമുണ്ട്. കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിനായി കാർഷിക ജൈവവൈവിധ്യ സംരക്ഷണവും വിത്തിനങ്ങളുടെ സംരക്ഷണവും വിത്തിന്റെ കാവലാളുകളായ കർഷകരിലൂടെ ഉറപ്പാക്കണമെന്നും, അതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പിലാക്കുന്ന പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്നും ഡോ. അനിൽകുമാർ പറഞ്ഞു. കാര്‍ഷികശാസ്ത്രത്തിൽ പി.എച്ച്ഡി നേടിയ ഡോ. സ്വാമിനാഥൻ ഇന്ത്യന്‍ കാർഷിക രംഗത്തിന്റെ അതികായനായി മാറുകയായിരുന്നു. ഇന്ത്യയുടെ പരിസ്ഥിതിക്കിണങ്ങുന്നതും അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത ഡോ. സ്വാമിനാഥൻ കാര്‍ഷിക സുസ്ഥിരവികസന രംഗത്ത് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.