കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സാങ്കേതിക സഹായത്തോടുകൂടി മാതൃക ജൈവവൈവിധ്യ ഉദ്യാനം ‘ശാന്തിവനം’ ഒരുക്കി മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി. നക്ഷത്രഫലം, ശലഭോദ്യാനം, ഔഷധത്തോട്ടം, വന ഫലങ്ങൾ, നാടൻ മാവിനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് ബയോ പാർക്ക് പൂർത്തീകരിച്ചിരിക്കുന്നത്. പ്രവേശനകവാടത്തോട് ചേർന്നു പച്ചപ്പുൽതകിടിയും അലങ്കാരപനകളും ഒരുക്കിയിട്ടുണ്ട്. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ ദീർഘകാലത്തെ ശ്രമഫലമായാണ് പദ്ധതി വിജയകരമായ പൂർത്തീകരിക്കാൻ കഴിഞ്ഞത്. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ അഡ്വ. ഐ. ബി. സതീഷ് നിർവഹിച്ചു. ജൈവവൈവിധ്യ സംരക്ഷണം പ്രകൃതിയോടുള്ള നമ്മുടെ ബാധ്യതയും, ഭാവി തലമുറകളോടുള്ള ഉത്തരവാദിത്വവുമാണെന്നും ഇത് പരിസ്ഥിതിയും മനുഷ്യജീവിതവുമെല്ലാം ഒരുമിച്ച് നിലനിൽക്കുന്നതിനുള്ള അടിസ്ഥാനശിലയാണെന്നും അതുകൊണ്ട് തന്നെ ജൈവ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പരിസ്ഥിതി, സുസ്ഥിരത നിലനിർത്താൻ വിദഗ്ധ പദ്ധതി നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. ജൈവവൈവിധ്യ ഉദ്യാന പദ്ധതി നടപ്പിലാക്കിയത് ജവഹർലാൽ നെഹ്റു ട്രോഫിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഉദ്യോഗസ്ഥരാണ്. ഡോ.സാബു ടി, ഡോ.ജോമോൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്. JNTBGRI ഡയറക്ടർ ഡോ.അരുണാചലം, ഡോ.ടി.സാബു, തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ശ്രീമതി അക്ഷയ അനിൽ, തുടങ്ങിയവർ സംസാരിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സുരേഷ് കുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് ശ്രീമതി ഡീനകുമാരി അധ്യക്ഷ പ്രസംഗവും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ഗിരീഷ് വി. ജെ നന്ദിയും അറിയിച്ചു. ഭരണസമിതി അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, പൊതുപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.