2023 ലെ കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ജൈവവൈവിധ്യ സംരക്ഷണത്തില്‍ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നൽകുന്ന ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളിൽ ഒന്നാം സമ്മാനം കാസർകോട് ജില്ലാ പഞ്ചായത്ത് ബി.എം.സി (1 ലക്ഷം രൂപയും പ്രശസ്തിപത്രവും), രണ്ടാം സമ്മാനം എളവള്ളി ഗ്രാമപഞ്ചായത്ത് ബി.എം.സി (അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും), മികച്ച ജൈവവൈവിധ്യ സ്കൂളായി കാസറഗോഡ് ബേക്കലിലെ ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ (₹ 25,000 രൂപയും പ്രശസ്തിപത്രവും), കോളേജ് വെള്ളായണി കാർഷിക കോളേജും ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയും (₹ 12,500രൂപ വീതവും പ്രശസ്തി പത്രവും), മികച്ച സർക്കാർ/പൊതുമേഖലാ സ്ഥാപനമായി മഹാത്മാഗാന്ധി സർവകലാശാല, കോട്ടയം (₹ 25,000 രൂപയും പ്രശസ്തി പത്രവും). മികച്ച കാവ് കോഴിക്കോട് ജില്ലയിലെ പൊയിൽക്കാവാണ് (₹ 50,000 രൂപയും പ്രശസ്തിപത്രവും). ഹരിത വ്യക്തിയായി കൊല്ലം ജില്ലയിലെ ഫൈസൽ എ. (₹ 50,000 രൂപയും പ്രശസ്തിപത്രവും), മികച്ച സംരക്ഷകൻ (സസ്യജാലം) വിഭാഗത്തിൽ കെ. ശശീന്ദ്രനും (₹ 50,000 രൂപയും പ്രശസ്തിപത്രവും) മികച്ച സംരക്ഷക കർഷക ശ്രീമതി വാണി വി. യും (₹ 50,000 രൂപയും പ്രശസ്തിപത്രവും), ജന്തുജാല സംരക്ഷണത്തിൽ ശ്രീമതി വിധു രാജീവിനും (₹ 50,000 രൂപയും പ്രശസ്തിപത്രവും) പുരസ്കാരങ്ങൾ ലഭിച്ചു. പത്ര മാധ്യമത്തിൽ ഓ. സി. മോഹൻരാജും (കേരളകൗമുദി, കണ്ണൂർ ₹ 25,000 രൂപയും പ്രശസ്തിപത്രവും), ദൃശ്യ/ശ്രവ്യമാധ്യമത്തിൽ കെ. രാജേന്ദ്രനും (കൈരളി ടിവി, തിരുവനന്തപുരം. ₹25,000 രൂപയും പ്രശസ്തിപത്രവും).
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന 66 മത് ബോർഡ് യോഗത്തിലാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.