‘7th Poshan Pakhwada 2025’ Nutrition fortnight Celebration
‘Protect Fish Diversity, Promote Nutrition to All’
ഏഴാമത് പോഷൺ പഖ്‌വാദ- 2025 ന്റെ ഭാഗമായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ വച്ച് “മത്സ്യവൈവിധ്യം സംരക്ഷിക്കുക, എല്ലാവർക്കും പോഷകാഹാരം എത്തിക്കുക” എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ പരിപാടിയുടെ ഉദ്ഘാടനം ചെയർമാൻ ഡോ. എൻ. അനിൽകുമാർ നിർവഹിച്ചു. ജൈവവൈവിധ്യ സംരക്ഷണവും പൊതുആരോഗ്യ സംരക്ഷണത്തിൽ അവയുടെ പ്രാധാന്യവും നമ്മൾ തിരിച്ചറിയേണ്ടതുണ്ടെന്നും ദീർഘകാല പോഷണ സുരക്ഷയ്ക്ക് ജൈവവൈവിധ്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ‘നമ്മുടെ ഭൂമി നമ്മുടെ കരുത്താണെന്നും’ ലോക ഭൗമദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയിൽ ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു. മത്സ്യജാലങ്ങളുടെയും ജലജീവജാലങ്ങളുടെയും സംരക്ഷണം പരിസ്ഥിതി തുലനത്തിന്റെയും ദീർഘകാല പോഷണ സുരക്ഷയുടെയും ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. വലിയതുറ വാർഡ് കൗൺസിലർ ശ്രീമതി ഐറിൻ ടീച്ചർ, അദാനി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അസിസ്റ്റൻറ് പ്രോജക്ട് മാനേജർ ശ്രീ. രാകേഷ്, പ്രോജക്ട് ഓഫീസർ ശ്രീ. ജോർജ് സെൻ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ, കുടുംബാരോഗ്യ വിഭാഗത്തില്‍ മെഡിക്കൽ ഓഫീസറായ ഡോ. സെറിൻ ലോപ്പസ് വിഷയാവതരണം നടത്തി. സ്ത്രീകളും കുട്ടികളും പോഷകാഹാര പരിമിതിയുള്ള പ്രധാന വിഭാഗങ്ങളാണെന്നും ഇവർക്കുള്ള സമഗ്ര പോഷകാഹാരം ഉറപ്പാക്കുന്നതിന് ജൈവവൈവിധ്യത്തിന്റെ പങ്ക് നിർണായകമാണെന്നും ഡോ. സെറിൻ പറഞ്ഞു. ആരോഗ്യ, പരിസ്ഥിതി, സാമൂഹിക വികസന രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും തീരദേശ മേഖലയില്‍ നിന്നുള്ളവരുമായ അമ്പതോളം വനിതകൾ പരിപാടിയിൽ പങ്കെടുത്തു. സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദി രേഖപ്പെടുത്തി.

