കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാ കോർഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലനം വള്ളക്കടവ് ജൈവവൈവിധ്യ മ്യൂസിയത്തിൽ വച്ച് നടന്നു. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജൈവവിഭവങ്ങളിൽ നിന്ന് ലഭ്യമാകുന്ന പ്രയോജനങ്ങളുടെ തുല്യവും നീതി പൂർവ്വവുമായ പങ്കുവക്കൽ (Access and Benefit Sharing)- ABS എന്നീ വിഷയങ്ങളിലാണ് 14 ജില്ലാ കോർഡിനേറ്റർമാർക്കും പരിശീലനം നൽകിയത്. ബോർഡ് മെമ്പർമാരായ ഡോ.സതീഷ്കുമാർ കെ, ശ്രീ. കെ. വി. ഗോവിന്ദൻ, ഡോ. കെ. റ്റി. ചന്ദ്രമോഹനൻ, മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൂടാതെ, ജൈവവൈവിധ്യ നിയമം (ഭേദഗതി)- 2023, e-PBR തയ്യാറാക്കുന്ന രീതി, ജൈവവൈവിധ്യ ബോർഡിന്റെ എക്സ്റ്റൻഷൻ പരിപാടികളും ഭാവി പ്രവർത്തനങ്ങളും, ABS എന്നിവയുമായി ബന്ധപ്പെട്ട വിഷയാവതരണവും ചർച്ചയും, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയ സന്ദർശനവും ബോധവൽക്കരണ ക്ലാസും എന്നിവയും പരിശീലനത്തിന്റെ ഭാഗമായി നടന്നു. ജില്ലാതല ജൈവവൈവിധ്യ പ്രവർത്തനങ്ങൾ ശാക്തീകരിക്കുക, ജൈവവൈവിധ്യ പരിപാലന സമിതികളിലൂടെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്നിവയ്ക്കുള്ള മാർഗ്ഗനിർദ്ദേശം നൽകുക എന്നതായിരുന്നു പരിശീലന പരിപാടിയുടെ ലക്ഷ്യം.