ജൈവവൈവിധ്യ ക്ലബ്ബുകള്‍ക്കുള്ള ടെറേറിയം നിര്‍മ്മാണ പരിശീലന പരിപാടി
ടെറേറിയം  നിർമ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജൈവവൈവിധ്യ ക്ലബ്ബ്കളുടെ ശാക്തീകരണത്തിനായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പലവിധ ഇടപെടലുകളും നടത്തിവരുന്നു. കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം വിനോദവും, അതിലൂടെ നൈപുണ്യ വികസനവും ജീവനോപാധിയും ലക്‌ഷ്യം വച്ചുകൊണ്ടു സംഘടിപ്പിക്കപ്പെടുന്ന  പരിപാടികളുടെ ഭാഗമായി ‘ടെറേറിയം നിർമ്മാണ പരിശീലനം’ സംഘടിപ്പിച്ചു. ആദ്യഘട്ടമായി, തെരഞ്ഞെടുക്കപ്പെട്ട ജൈവവൈവിധ്യ ക്ലബ്ബ്കളിലെ വിദ്യാർത്ഥികൾക്കും  അദ്ധ്യാപകർക്കുമായി  കൊല്ലം  എസ്. എൻ. കോളേജിൽ 3/7/ 2023  നാണ്  പരിപാടി സംഘടിപ്പിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ  കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്  അംഗം  ശ്രീ. കെ.വി. ഗോവിന്ദൻ  അധ്യക്ഷനായി.  എസ്. എൻ   കോളേജ് പ്രിൻസിപ്പാൾ  ഡോ. എസ്. വി. മനോജ്  ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യബോർഡ് അംഗം ഡോ. കെ. സതീഷ്‌കുമാർ മുഖ്യപ്രഭാഷണം  നടത്തി.  ജൈവവൈവിധ്യ ബോർഡ്  പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ  ഡോ. സി.എസ്. വിമൽ കുമാർ സ്വാഗതവും സീനിയർ റിസർച്ച് ഓഫീസർ ഡോ. അഖില എസ്. നായർ നന്ദിയും രേഖപ്പെടുത്തി. കൊല്ലം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മഞ്ചു ബേബി ഐ. സന്നിഹിതയായിരുന്നു. തുടർന്ന്  നടന്ന  ടെറേറിയം  നിർമ്മാണ പരിശീലന പരിപാടിയിൽ  ശ്രീ. പ്രണവ്  എൻ. പ്രദീപ് മുഖ്യ പരിശീലകനായി. പത്തു സംഘങ്ങളായി  തിരിഞ്ഞുകൊണ്ട്  വിദ്യാർത്ഥികൾ   ടെറേറിയം  നിർമ്മാണത്തിൽ പങ്കാളികളാവുകയും വൈവിധ്യമാർന്നതും  ആകർഷകവുമായ  ടെറേറിയങ്ങൾ നിർമ്മിക്കുന്നതിന്റെ വിവിധ വശങ്ങൾ  പ്രായോഗികമായി മനസിലാക്കുകയും ചെയ്തു. ചില്ലുപേടകങ്ങളിൽ  ചെറു ആവാസവ്യവസ്ഥാ  മാതൃകകൾ  തീർക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാനായതിൽ വിദ്യാർത്ഥികളും  അദ്ധ്യാപകരും  അതീവ സന്തോഷം രേഖപ്പെടുത്തി.  ഒരു സംരംഭമായി  ടെറേറിയം നിർമ്മാണം ആരംഭിക്കുമെന്ന വിദ്യാർഥികളുടെ ഉറപ്പോടെയാണ് പരിശീലന പരിപാടി അവസാനിച്ചത്.