സംരക്ഷണ-ബോധവല്‍ക്കരണ പരിപാടികള്‍

ജൈവവൈവിധ്യ ക്ലബ്ബുകള്‍

ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും പ്രോജക്ട് ഫെല്ലോകള്‍ സന്ദര്‍ശനം നടത്തുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൈവവൈവിധ്യ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇതുവരെ ജില്ലയില്‍ 6 ജൈവവൈവിധ്യ ക്ലബ്ബുകള്‍ രൂപീകരിച്ചു.

ശാന്തിസ്ഥല്‍ - എസ്.ബി.കോളേജ്, ചങ്ങനാശ്ശേരി, ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് വെല്ലൂര്‍, ഡി.ബി.കോളേജ് തലയോലപ്പറമ്പ് എന്നിങ്ങനെ മൂന്ന് ശാന്തിസ്ഥലുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.

പുതുപ്പള്ളി, കോടൂര്‍ നദിയുടെ സംരക്ഷണം - ജില്ലയിലെ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ (റ്റി.എസ്.ജി.) സഹായത്തോടെ കോടൂര്‍ നദി സംരക്ഷിക്കുന്നതിനും നദിയെ കബംബ കരോലിനിയാന എന്ന കളയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച് നദിയുടെ ശോഷണം തടയുന്നതിനും വേണ്ട ബോധവല്‍ക്കരണ പരിപാടികള്‍സംഘടിപ്പിച്ചു.

ആറ്റുവഞ്ചിക്കാവിന്റെ സംരക്ഷണം – കെ.എസ്.ബി.ബി.യുടെ നിര്‍ദ്ദേശാനുസരണം ഡി.സിയും പ്രോജക്ടു ഫെല്ലോകളും റ്റി.എസ്.ജി. അംഗം ഡോ.ഉണ്ണികൃഷ്ണനും 2014 നവംബര്‍ 27-ന് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്റുവഞ്ചിക്കാവ് സന്ദര്‍ശിച്ചു. വിശദപഠനത്തിനുശേഷം സ്ഥലത്തെ പ്രധാന ഭീഷണികള്‍ എന്തൊക്കെയാണെന്നും അതിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും, ആറ്റുവഞ്ചിക്കാവ് സംരക്ഷണത്തിനും മീനച്ചല്‍ ആറിലെ മണലൂറ്റ് തടയുന്നതിനുള്ള നടപടികളെക്കുറിച്ചും കെ.എസ്.ബി.ബി.യ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ലോകപരിസ്ഥിതിദിനം – ലോക പരിസ്ഥിതിദിനാഘോഷങ്ങളുടെ ഭാഗമായി 2014 ജൂണ്‍ 4, 5 തീയതികളില്‍ വനംവകുപ്പുമായി സഹകരിച്ച് കോട്ടയം കെ.പി.എസ്. മേനോന്‍ ഹാളില്‍ നടന്ന ഹരിതശ്രീ ഫോട്ടോ എക്‌സിബിഷനില്‍ സജ്ജീവമായി പങ്കെടുത്തു.

കുട്ടികളുടെ ജൈവവൈവിധ്യ സംഗമം - കുട്ടികളുടെ ഏഴാമത് ജൈവവൈവിധ്യ സംഗമത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പിന്റെ സജീവ സഹകരണത്തോടെ സ്‌കൂള്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ പ്രോജക്ടുകള്‍ ക്ഷണിച്ചു. ഏകദേശം 150 ഓളം പ്രോജക്ടുകള്‍ ലഭിച്ചതില്‍ നിന്നും 10 പ്രോജക്ടുകള്‍ വീതം ഓരോ വിഭാഗത്തിലും അവതരണത്തിനായി തെരഞ്ഞടുത്തു.

മത്സരങ്ങളുടെ ഉദ്ഘാടന ചടങ്ങ് 2014 നവംബര്‍ 15 ന് ബേക്കല്‍ മെമ്മോറിയല്‍ ആഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. നിര്‍മ്മല നിമ്മി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഡി.ഡി.ഇ. ശ്രീമതി ജെസ്സി ജേക്കബ് അധ്യക്ഷത വഹിക്കുകുയും ചെയ്തു. തുടര്‍ന്ന് ഉപന്യാസരചന, ചിത്രരചന, പദ്ധതി അവതരണം തുടങ്ങി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 450 കുട്ടികള്‍ വിവിധ മത്സരയിനങ്ങളിലും പദ്ധതി അവതരണത്തില്‍ നൂറ് കുട്ടികളും പങ്കെടുത്തു.

കുട്ടികളുടെ ഏഴാമത് ജൈവൈവിധ്യ കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് കോട്ടയം ജില്ലയില്‍ നടത്തിയ മത്സരങ്ങളും മറ്റ് പരിപാടികളും വിജയമായിരുന്നു.